01:10pm 12 November 2026
NEWS
ശബരിമല സ്വർണക്കൊള്ള: കുരുക്ക് മുറുകുന്നത് കടകംപള്ളിക്കോ?
30/12/2025  04:36 PM IST
nila
ശബരിമല സ്വർണക്കൊള്ള: കുരുക്ക് മുറുകുന്നത് കടകംപള്ളിക്കോ?

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. സംഭവകാലത്ത് ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെ ശനിയാഴ്ച എസ്ഐടി ചോദ്യം ചെയ്തു. സ്വർണക്കൊള്ള നടന്ന സമയത്ത് ദേവസ്വത്തിന്റെ മേൽനോട്ട ചുമതലയുണ്ടായിരുന്ന മന്ത്രി എന്ന നിലയിലാണ് ചോദ്യം ചെയ്തത് എന്നാണ് റിപ്പോർട്ട്. മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും സംഘം ചോദ്യം ചെയ്തതായി സൂചനയുണ്ട്.

എസ്ഐടി ഓഫിസിന് പുറത്തുവച്ച് എസ്.പി. ശശിധരന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. രണ്ടുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷം, മുൻ മന്ത്രിയെന്ന നിലയിൽ അറിയാവുന്ന കാര്യങ്ങൾ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയതായാണ് കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത്.

ഇതിനിടെ, അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതാണ് അന്നത്തെ ബോർഡ് അംഗമായ എൻ. വിജയകുമാറിന്റെ മൊഴി. താൻ നിരപരാധിയാണെന്നും, എല്ലാ കാര്യങ്ങളും ‘സഖാവ് പറഞ്ഞതനുസരിച്ചാണ്’ ചെയ്തതെന്നും വിജയകുമാർ എസ്ഐടിയോട് പറഞ്ഞു. സ്വർണപ്പാളി മാറ്റൽ ഉൾപ്പെടെയുള്ള നിർണായക വിഷയങ്ങൾ ബോർഡിൽ അവതരിപ്പിച്ചത് പത്മകുമാറാണെന്നും, പ്രസിഡന്റിന്റെ നിർദേശപ്രകാരം രേഖകൾ വായിക്കാതെയാണ് ഒപ്പിട്ടതെന്നും അദ്ദേഹം മൊഴി നൽകി. സംഭവങ്ങളുടെ ഗൗരവം മനസ്സിലായതോടെ കടുത്ത മാനസിക സമ്മർദം അനുഭവിച്ചുവെന്നും ആത്മഹത്യ ചിന്തകൾ വരെ ഉണ്ടായതായും മൊഴിയിൽ പറയുന്നു.

ബന്ധുക്കളുടെ നിർബന്ധത്തെ തുടർന്നാണ് കീഴടങ്ങാൻ തീരുമാനിച്ചതെന്നും, പത്മകുമാറിനെ വിശ്വസിച്ചാണ് എല്ലാ നടപടികൾക്കും പിന്തുണ നൽകിയതെന്നും വിജയകുമാർ വ്യക്തമാക്കി. എന്നാൽ, വിജയകുമാറിന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന നിലപാടാണ് എസ്ഐടി തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ സ്വീകരിച്ചിരിക്കുന്നത്.

പത്മകുമാറും വിജയകുമാറും അറസ്റ്റിലായ പശ്ചാത്തലത്തിൽ, അന്വേഷണ സംഘത്തിന്റെ അടുത്ത നീക്കം ബോർഡ് അംഗമായിരുന്ന കെ.പി. ശങ്കർദാസിനെ ലക്ഷ്യമാക്കിയാകാമെന്ന സൂചനകളാണ് ഉയരുന്നത്. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവ് തേടുന്ന ശങ്കർദാസിന്റെ നീക്കങ്ങൾ എസ്ഐടി നിരീക്ഷിക്കുന്നുണ്ട്. വിജയകുമാറിനെ ജനുവരി 12 വരെ റിമാൻഡ് ചെയ്തിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി നാളെ പരിഗണിക്കും.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അന്നത്തെ ഭരണസമിതി ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയെ അനുകൂലിക്കാൻ ദേവസ്വം മാനുവൽ തന്നെ തിരുത്തിയതും, മിനിറ്റ്സിൽ കൃത്രിമം നടത്തിയതും, പുതിയ ഉത്തരവുകൾ ചേർത്തതുമെല്ലാം പ്രസിഡന്റായിരുന്ന പത്മകുമാറിന്റെയും അംഗങ്ങളായ വിജയകുമാറിന്റെയും ശങ്കർദാസിന്റെയും അറിവോടെയാണെന്ന് എസ്ഐടി പറയുന്നു. വ്യക്തിഗത ലാഭവും സാമ്പത്തിക നേട്ടവും ലക്ഷ്യമിട്ടാണ് നിയമലംഘനങ്ങൾക്ക് വഴങ്ങിയത് എന്നാണ് അന്വേഷണ നിഗമനം. പത്മകുമാർ ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്നും, മറ്റ് അംഗങ്ങൾക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും എസ്ഐടി വ്യക്തമാക്കി. പത്മകുമാറിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി; ജാമ്യാപേക്ഷയിൽ ഏഴിന് വിധി പറയും.

അതേസമയം, കേസിൽ നിർണായകമായി ഡിണ്ടിഗൽ സ്വദേശി വ്യവസായി ഡി. മണിയെയും സുഹൃത്ത് ബാലമുരുകനെയും എസ്ഐടി വീണ്ടും ചോദ്യം ചെയ്തു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ നടന്ന ചോദ്യം ചെയ്യലിന് എഡിജിപി എച്ച്. വെങ്കടേഷ് നേരിട്ടെത്തി നേതൃത്വം നൽകി. ബാലമുരുകന്റെ ഭാര്യയും ഓഫിസിലെത്തിയിട്ടുണ്ട്. നേരത്തെ ഡിണ്ടിഗലിൽ വച്ച് മണിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.

ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും ശബരിമലയിൽ പോയിട്ടില്ലെന്നുമുള്ള മണിയുടെ മൊഴി എസ്ഐടി പൂർണമായി വിശ്വസിച്ചിട്ടില്ല. ഇതേ തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചത്. മണിയുടെ തിരുവനന്തപുരം യാത്രകളും പത്മനാഭസ്വാമി ക്ഷേത്ര സന്ദർശനവും അന്വേഷണ പരിധിയിലുണ്ട്. പഞ്ചലോഹ വിഗ്രഹങ്ങൾ ഉൾപ്പെടെയുള്ള പുരാവസ്തുക്കൾ കടത്തിയതും, ഇടപാട് പണം തിരുവനന്തപുരത്ത് വച്ചാണ് കൈമാറിയതെന്നുമുള്ള പ്രവാസി വ്യവസായിയുടെ മൊഴിയെ തുടർന്നാണ് അന്വേഷണം പുരാവസ്തു കടത്തുവഴികളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. അന്വേഷണം ആരംഭിച്ച് നാളുകൾ കഴിഞ്ഞിട്ടും മോഷണമുതൽ കണ്ടെത്താനാകാത്തത് എസ്ഐടിക്ക് വലിയ സമ്മർദം സൃഷ്ടിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img